മത പരിവർത്തനം നിരോധിക്കാനാവില്ല ഡൽഹി ഹൈക്കോടതി

മത പരിവർത്തനം നിരോധിക്കാനാവില്ല ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: മതം മാറ്റ നിരോധനം സംബന്ധിച്ച സുപ്രധാന ഉത്തരവിറക്കി ഡൽഹി ഹൈക്കോടതി. മതം മാറ്റം നിരോധിക്കാനാവില്ലെന്നും ഏതു മതത്തിൽ വിശ്വസിക്കണമെന്നു തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും ജസ്റ്റീസുമാരായ സഞ്ജീവ് സാച്ച് ദേവ, തുഷാർ റാവു ഗഡാല എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സമ്മർദ്ദം ചെലുത്തിയോ ബലപ്രയോഗത്താലോ മതം മാറ്റുകയാണെങ്കിൽ അത് വേറെ വിഷയമാണെന്നും കോടതി പറഞ്ഞു. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മതം മാറ്റുന്നുണ്ടെന്നും അത് തടയാൻ നിയമം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടു ബി ജെ പി നേതാവ് അശ്വിനി കുമാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പ്രലോഭിപ്പിച്ചു കൂട്ട മത പരിവർത്തനത്തിനു വിധേയപ്പെടുത്തുന്നു എന്ന ആരോപണം കോടതി തള്ളി. ആധികാരിക തെളിവുകളില്ലാതെ ഇത്തരം ഹർജികളിൽ ഇടപെടാനാവില്ലെന്നു കോടതി പറഞ്ഞു. “ഇവിടെ മതപരിവർത്തനം നിരോധിച്ചിട്ടില്ല, ഏതു വ്യക്തിക്കും തൻ ജനിച്ച മതമോ ഇതര മതമോ തിരഞ്ഞെടുക്കാൻ ഭരണഘടനാ പരമായ സ്വാതന്ത്യ്രമുണ്ട്” എന്നും കോടതി പറഞ്ഞു. ഇന്ത്യയിൽ പലയിടങ്ങളിലും ആരാധനാലയങ്ങൾക്ക് നേരെയും ശുശ്രൂഷകന്മാർക്കു നേരെയും ആക്രമണം നടത്തപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ കോടതി വിധി വളരെ പ്രധാനമാണ്.