മുക്കുവനായി മരിക്കണമോ?…അതോ, മറുരൂപമലയില്‍ മഹത്വം കാണണമോ?

Public

മുക്കുവനായി മരിക്കണമോ?…അതോ, മറുരൂപമലയില്‍ മഹത്വം കാണണമോ?

Shyju Daniel Adoor

സന്ധ്യ കഴിഞ്ഞതും ശീമോന്‍ എന്ന ഗലീലക്കാരന്‍ മുക്കുവന്‍ കരക്കടുപ്പിച്ചിരുന്ന തന്റെ പടക് കടലിലേക്ക് ഇറക്കി പതിവുപോലെ ജാലവേലക്കായി ഇറങ്ങി!! വലയിലേക്ക് കയറുന്ന മീനും അതു നിമിത്തം നിറയുന്ന പടകും അതിലൂടെ കൈവരുവാന്‍ പോകുന്ന ജീവസന്ധാരണ നന്‍മകളുടെ ഉയര്‍ന്ന പ്രതീക്ഷയും പരിചയസമ്പന്നനായ ആ ഗലീലക്കാരന്റെ മുഖത്ത് ദൃശ്യമാണ്.!!

പടക് തീരം വിട്ടതും കൈവശം കരുതി വച്ചിരുന്ന വല ഗലീലാക്കടലിലേക്കു വീശിയെറിഞ്ഞു……ഗന്നസരെത്ത് തടാകത്തിന്‍റെ ചേരിപ്രദേശങ്ങളില്‍ ജനിച്ചു വളര്‍ന്ന് വന്ന ശീമോന്, ആ കടലും അതിന്റെ ആഴവും അതിലെ മല്‍സ്യങ്ങളുടെ കിടപ്പുവശവും സുദീര്‍ഘമായ കൊല്ലങ്ങളിലെ കടല്‍വേല നിമിത്തം നല്ല നിശ്ചയമുണ്ടെങ്കിലും അന്ന് രാത്രി അത്യന്തം നിരാശയായിരുന്നു….ഒരു ചെറുമീന്‍ പോലും കയറിയില്ല!!

വന്നു കയറുന്ന മീനുകളുടെ എണ്ണത്തിന് ചില രാത്രികളിലൊക്കെ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാറുണ്ടെങ്കിലും അങ്ങേയറ്റം പരിചയസമ്പന്നനായ ശീമോന്‍ വീശിയെറിഞ്ഞ വലയില്‍ ആ രാത്രി “ഒന്നും കയറിയില്ല” (ലൂക്കോസ് 5:5) എന്നത് ഒരസാധാരണ സംഭവമാണ്!!
ഒന്നും കയറിയില്ലത്രേ….!!….ഒന്നും!!…ഒരു പക്ഷേ ആദ്യമായിട്ടാകാം ഇങ്ങനെ ഒരു ശൂന്യത!! ശീമോന്‍റെ വലയിലേക്ക് കുതിച്ചുകയറാന്‍ വന്ന സകല മല്‍സ്യങ്ങളെയും ആരോ മനപ്പൂര്‍വ്വം തടുത്തു നിര്‍ത്തിയതുപോലെ!!

ആ രാത്രിയില്‍ നീ വീശിയെറിഞ്ഞ വല തിരികെ പിടിക്കുമ്പോള്‍ സാധാരണയായി സംഭവിക്കാറുള്ളതുപോലെ അതില്‍ നിറവായിരുന്നു എങ്കില്‍ ശീമോനേ, നിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു….നീ ഇപ്പൊഴും ഒരു ഗലീലിയന്‍ മുക്കുവനായി തുടരുമായിരുന്നു!!പക്ഷേ ആ രാത്രിയില്‍ നീ തിരികെ പിടിച്ച വലയില്‍, നിന്റെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ടു നീ അനുഭവിച്ച, ഒന്നും കിട്ടാത്ത ആ നൂറു ശതമാനം ശൂന്യത നിന്റെ ജീവിതത്തിന്റെ ഗതി മാറ്റുന്നതായിരുന്നു!!

ഇന്നും കാരണം പിടികിട്ടാത്ത ചില നഷ്ട്ടങ്ങള്‍…ഫലരഹിതമായ അത്യദ്ധ്വാനങ്ങളുടെ നിറം മങ്ങിയ അവശേഷിപ്പുകള്‍….കഠിനമായ പരിശ്രമങ്ങള്‍ക്ക് ആനുപാതികമായി കരഗതമാകേണ്ടിയിരുന്ന ന്യായമായ അവകാശങ്ങളുടെ നഷ്ട്ടപ്പെടല്‍…ചെറുകാറ്റില്‍ തകര്‍ന്നുമാറുന്ന ചീട്ടുകൊട്ടാരങ്ങള്‍ പോലെ മനസില്‍ കൊണ്ടുനടന്ന സ്വപ്നങ്ങള്‍ ഉടയുന്നതിലെ അതിതീവ്ര വേദന….കാരണം തേടിയാല്‍ പെട്ടന്നു കണ്ടുപിടിക്കാന്‍ കഴിയാത്ത വിധം മറയപ്പെട്ടിരിക്കുന്ന ചില അനുഭവങ്ങള്‍!!

അതിലേന്തോ മറഞ്ഞിരിക്കുന്ന ഒരു ദൈവീക ലക്ഷ്യമുണ്ട്!!

“ഗലീലയിലെ മുക്കുവന്‍” എന്ന തലക്കെട്ടില്‍ ഇന്നും “മറുരൂപമലയില്‍ മഹത്വം കണ്ടവന്‍” എന്ന നവശീര്‍ഷകത്തിലേക്കുള്ള ചുവടുമാറ്റം!!

മീന്‍ പിടിച്ചും വിറ്റും ജീവസന്ധാരണം നടത്തിയും ഏറ്റവുമൊടുവില്‍ ഗലീലാകടലിന്റെ തീരങ്ങളില്‍ ഒരു സാധാരണ മുക്കുവന്‍ മരിക്കുന്നതുപോലെ അലക്ഷ്യമായി നീറിയൊടുങ്ങാനുള്ള ജീവിതമല്ല ശീമോനെ , നിന്നെ കുറിച്ചുള്ള ദൈവോദ്ദേശം!!
ഗന്നസരെത്തിന്റെ ഇടുങ്ങിയ തീരങ്ങളില്‍നിന്നും ഇടുക്കമില്ലാത്ത ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വിളംബരം ചെയ്യുന്ന ധീരനായ ക്രിസ്തുശിഷ്യനെ നിന്നില്‍ സ്വര്‍ഗ്ഗം കണ്ടിട്ടുണ്ട്….പക്ഷേ അവിടേക്കുള്ള യാത്ര ദൈവമായി ക്രമീകരിക്കുന്ന ചില നഷ്ട്ടങ്ങളിലൂടെയും കഷ്ട്ടങ്ങളിലൂടെയും തകര്‍ച്ചകളിലൂടെയും ശൂന്യതകളിലൂടെയും ആയിരിക്കും!!

ചില അപ്രതീക്ഷിത ശൂന്യതകള്‍ക്ക് പിറകില്‍ ശീമോനെ , നിനക്കായി നാഥന്‍ മറച്ചു വച്ചിരിക്കുന്ന അതിശ്രേഷ്ട്ട പദ്ധതികള്‍ ഉണ്ട്!! മടുപ്പ് നിറഞ്ഞ പ്രഭാതത്തില്‍ ശൂന്യമായ നിന്റെ പടകിലേക്ക് യേശുനാഥന്‍ ചുവടുകള്‍ വയ്ക്കുമ്പോള്‍ ആ ബൃഹത്പദ്ധതികളുടെ തുടസ്സം കുറിക്കപ്പെടുകയാണ്!!

കഴിഞ്ഞ രാത്രിയിലെ ചില അപ്രതീക്ഷിത നഷ്ട്ടങ്ങളാണ് ഈ പകലിലെ എന്റെ നിലനില്‍പ്പ്!!

കഴിഞ്ഞ രാത്രിയിലെ എന്റെ പടകിലെ നൂറുശതമാനം ശൂന്യതയാണ് ഈ പകലിലെ കൃസ്തുബാന്ധവത്തിന്റെ ആണിക്കല്ല്!!

കഴിഞ്ഞ രാത്രിയില്‍ കയറാതെ ഗതിമാറിപോയ മല്‍സ്യങ്ങള്‍ ആണ് എന്റെ ജീവിത ഗതിയെ തിരിച്ചത്!!

കഴിഞ്ഞ രാത്രിയില്‍ എന്നെ കരയിപ്പിച്ച ഒഴിഞ്ഞ പടകാണ് തിബര്യാസിന്റെ തീരങ്ങളില്‍ നിന്നും എനിക്കു സ്ഥാനമാറ്റം സമ്മാനിച്ചത്!!

കഴിഞ്ഞ രാത്രിയിലെ കയ്പ്പാണ് ഗലീലിയന്‍ ചേരികളിലെ സംസ്ക്കാര ശൂന്യതയില്‍ നിന്നും ക്രിസ്തുവിന്റെ അപ്പൊസ്തോലത്വത്തിലേക്ക് എന്നെ ഉയര്‍ത്തിയത്!!

കഴിഞ്ഞ സന്ധ്യയിങ്കല്‍ കരച്ചില്‍ വന്നു രാപ്പാര്‍ത്തതാണ് ഈ ഉഷസ്സിലെ എന്റെ ആനന്തഘോഷം!!

എല്ലാം നന്മയ്ക്കായി സ്വര്‍ഗ്ഗതാതന്‍ ചെയ്തീടുന്നു…..!!