ശുപാര്‍ശയില്‍ ചെരിയാത്ത തൈലകൊമ്പ്!!

Samuel anoints
Public

ശുപാര്‍ശയില്‍ ചെരിയാത്ത തൈലകൊമ്പ്!!

ഷൈജു ഡാനിയേൽ, അടൂർ

അപ്പന്റെ കഴുതയെ തേടിയിറങ്ങിയവന് അപ്രതീക്ഷിതമായി കിട്ടിയ അധികാരം ശൌലിനെ അഹങ്കാരിയും ദൈവനിഷേധിയുമാക്കി തീർത്തപ്പോൾ അവനു പകരക്കാരനായി ഒരുവനെ തിരഞ്ഞെടുക്കേണ്ടാതാവശ്യമായി വന്നു. ആദ്യത്തെ രാജാവിനെ”നിന്റെ അടുക്കൽ അയക്കും”എന്നതായിരുന്നു ദൈവത്തിന്റെ നിർദ്ദേശമെങ്കിൽ രണ്ടാമത്തവനെ “തേടി പുറപ്പെടാൻ” ആയിരുന്നു പ്രവാചകനായ ശമുവേലിനോടുള്ള ദൈവീക കൽപ്പന!!.

കൊമ്പിൽ തൈലവും നിറച്ച് പ്രവാചകൻ പുറപ്പെടുമ്പോൾ തിരഞ്ഞെടുക്കുവാനുള്ളവനെ കുറിച്ച് ദൈവത്തിനു വ്യെക്തമായ അറിവുണ്ടായിരുന്നു. യിശ്ശായിയുടെ വീട്ടിലെത്തിയതും നിരനിരയായി നില്ക്കുന്ന തന്റെ മക്കൾ….ആദ്യം, ഏറ്റവും കൂടുതൽ യോഗ്യതയുള്ളവനെ രാജാവായി തിരഞ്ഞെടുക്കുവാൻ പ്രവാചകനോട് ശുപാർശ ചെയ്യുന്ന ഇവരുടെ അപ്പൻ യിശ്ശായി !!

ഇന്ന് ശുപാർശകളുടെ കാലമാണ്. എന്തിനും ഏതിനും ശുപാർശയില്ലെങ്കിൽ കാര്യങ്ങൾ നടക്കില്ല എന്നതായിരിക്കുന്നു സ്ഥിതി. കലാ-സാംസ്കാരിക-വിദ്യാഭ്യാസ-ഔദ്യോഗിക മേഘലകളിലെല്ലാം ഇത് പ്രകടമാണ്. പ്രാഥമിക തലം മുതൽ ഉപരിപഠനം വരെ കലാലയങ്ങളിലെക്കുള്ള പ്രവേശനത്തിന് ശുപാർശ, ഇനി പഠിച്ചിറങ്ങിയാൽ തുടർന്ന് ഒരു ജോലിക്കായുള്ള ശുപാർശ, പിന്നീട് സ്ഥാനകയറ്റത്തിനായുള്ള ശുപാർശ – ഇങ്ങനെ പോകുന്നു നമുക്കിടയിലെ ശുപാർശകളുടെ നില. ഇതെല്ലം ഈ ലോക വ്യവസ്ഥിതികളുടെ ഭാഗം.!!

പക്ഷെ ഈ ശുപാർശയുടെ സ്വാധീനം ആത്മീക ലോകത്തും കടന്നു കയറി. പട്ടണങ്ങളിലെ സഭകൾക്കുവേണ്ടി, ആളുകൂടുന്ന വേദികൾക്കുവേണ്ടി, അധികാരത്തിലെത്തുവാൻ വേണ്ടി ഇങ്ങനെ പോകുന്നു ആത്മീക ലോകത്തിലേത്. ശുശ്രൂഷയിൽ അറിയപ്പെടുന്നവരുടെ, ഭരണ വർഗ്ഗത്തിന്റെ, ഉന്നത സ്ഥാനീയരുടെ , ധനികന്മാരുടെ ഒക്കെ ശുപാർശ ഉണ്ടെങ്കിൽ രക്ഷപ്പെടാം. ദൈവം കൊടുക്കുന്ന കൃപാവരങ്ങളും ശുശ്രൂഷകളും ഉള്ള പലരും അവഗണിക്കപ്പെടുന്നത് ഇതിന്റെ ഒരു പാർശ്വഫലമാണ്!!.

പക്ഷെ ഇവിടെ അപ്പന്റെ ശുപാർശ കൊണ്ട് ശമുവേലിന്റെ തൈലകൊമ്പിൽ നിന്നും ഒരു തുള്ളി തൈലം പോലും നിരന്നു നിന്ന കായബലവും സൌന്ദര്യവുമുള്ള ഒരു മക്കളുടെ തലയിലും വീണില്ല എന്നത് ദൈവിക നീതിയുടെ വ്യെക്തമായ തെളിവാണ്.!!

ശുപാർശയിൽ ചെരിയുന്ന തൈലകൊമ്പായിരുന്നില്ല ദൈവത്തിന്റെ വിശ്വസ്ത പ്രവാചകനായ ശമുവേലിന്റെ കയ്യിൽ ഉണ്ടായിരുന്നത്!!

വിളക്കണയുന്നതിനു മുൻപേ ആലയത്തിൽ പ്രവേശിച്ചു ദൈവ ശബ്ദത്തിന് കാതോർക്കുന്ന ശമുവേലിന്റെ ബാല്യം അവനെ വളർത്തിയത് ശുപാർശകൾക്ക് മുൻപിൽ പതറിപ്പോകാതെ ദൈവത്തിനു വേണ്ടി നിവരെ നില്ക്കുന്ന ഒരു പ്രവാചക ദൌത്യത്തിലെക്കായിരുന്നു.!!

പ്രലോഭനങ്ങളുടെ മുൻപിൽ ചാഞ്ചാടുന്നത് , ഭയപ്പെടുത്തലുകളുടെ മുൻപിൽ പതറുന്നത്, ശുപാര്‍ശകളുടെ മുന്‍പില്‍ കൊമ്പു ചരിക്കുന്നത്, വളർന്നു വന്ന ബാല്യത്തിന്റെ പ്രശ്നമാണ്.!! ആലയത്തിൽ പെട്ടകത്തോട് ചേര്‍ന്നുകിടന്നു ദൈവശബ്ദം മാത്രം കേട്ട് വളർന്നവന് ഭാവിയിൽ ഉണ്ടായേക്കാവുന്ന ചില യിശ്ശായിമാരുടെ നിലപാടുകളുടെ മുൻപിൽ നയവ്യെതിയാനം സംഭവിക്കാതെ ദൈവത്തിനായി മാത്രം നിവരെ നില്പ്പാൻ കഴിയുകയുള്ളൂ.!!

ചത്ത ഈച്ച വീണു ചീഞ്ഞു നാറിയ തൈലം നിറച്ച ( ചത്ത ഈച്ച തൈലക്കാരന്റെ തൈലം മുഴുവൻ നാറുമാറാക്കുന്നു )കൊമ്പുകളുമായി കറങ്ങി നടക്കുന്ന നവ ശമുവേല്‍മാര്‍ പണത്തിന്റെയും ശുപാർശയുടെയും പേരിൽ ആരുടെ തലയിലേക്കും കൊമ്പു ചെരിക്കാൻ ഇന്ന് കമ്പോളത്തിൽ സുലഭമാണ്. ദൈവ കൃപയുള്ളവൻ അഞ്ചാറാടും കൊണ്ട് കാട്ടിലായിരിക്കുംപോൾ ശുപാർശ ചെയ്യാൻ അപ്പനുണ്ടെങ്കിൽ വീട്ടിൽ പരമസുഖം.!! പക്ഷെ ഈ ഭൂമിയിലെ അപ്പന്മാർ ശുപാർശ ചെയ്യാതെ കാട്ടിലയച്ചാലും ദൈവം നിർണ്ണയിച്ഛവന്റെ തലയിൽ ഒടുവിൽ യഥാര്‍ത്ഥ തൈലകൊമ്പു ചെരിയുക തന്നെ ചെയ്യും!!

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.