ഷിഗല്ലയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, എങ്ങനെ പ്രതിരോധിക്കാം?

Shigella
News

ഷിഗല്ലയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, എങ്ങനെ പ്രതിരോധിക്കാം?

കോവിഡ് വ്യാപനം വിട്ടുമാറുന്നതിന് മുമ്പ് വീണ്ടും ഭീതി പടർത്തിക്കൊണ്ട് ഷിഗല്ല രോഗവും വന്നിരിക്കുകയാണ്. അമ്പതോളം പേർ ഷിഗല്ല രോഗലക്ഷണങ്ങളുമായി ചികിത്സയിലുമാണ്. കുടൽ അണുബാധ എന്നാണ് ഷിഗല്ല രോഗം അറിയപ്പെടുന്നത്. ‘ഷിഗല്ലോസിസ്’ അഥവാ ‘ഷിഗല്ല’ എന്ന ബാക്ടീരിയ കാരണം ഉണ്ടാകുന്ന രോഗത്തിന്റെ പ്രധാനലക്ഷണം വയറിളക്കമാണ്. സാധാരണ വയറിളക്കത്തേക്കാൾ മാരകമായ ഷിഗല്ല രോഗമുള്ളവർക്ക് മലത്തിന്റെ കൂടെ രക്തവും കലരുന്നതാണ്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കോട്ടാംപറമ്പിൽ 11 വയസ്സുള്ള കുട്ടി ഷിഗല്ല രോഗം ബാധിച്ച് മരിച്ചത്.

ഷിഗല്ല ബാക്റ്റീരിയ നമ്മുടെ ശരീരത്തിനകത്തുവെച്ച് ഷിഗല്ല ടോക്സിൻ പുറത്ത് വിടും. അത് കാരണം നമ്മുടെ കുടലിന്റെ പുറത്തുള്ള മ്യുകസ് ലൈനിങ്ങിന് ക്ഷതമേൽക്കും. അങ്ങനെ കുടലിന് മുറിവേറ്റ് രക്തം പുറത്തുവരും. ഈ രോഗത്തിന് പ്രായപരിധി ഇല്ലെങ്കിലും 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കാണ് കൂടുതൽ സാധ്യത. രോഗം ബാധിച്ചാൽ സാധാരണ ഒരാഴ്ചയ്ക്കുള്ളിൽ ഭേദമാകാവുന്നതാണ്. എന്നാൽ രോഗം മൂർഛിച്ചാൽ അത് ഗുരുതരവസ്ഥയിലേക്കാണ് രോഗിയെ നയിക്കുക.

ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങൾ:

ഷിഗല്ല ബാക്ടീരിയ ശരീരത്തിലെത്തിയാൽ ഒന്നോ രണ്ടോ ദിവസത്തിനകം തന്നെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. എന്നാൽ കൂടുതൽ വികസിക്കാൻ ഒരാഴ്ച വരെ സമയമെടുക്കും.

രക്തമോ കഫമോ കലർന്നിട്ടുള്ള വയറിളക്കമാണ് പ്രധാന ലക്ഷണം.

വയറുവേദന, മലബന്ധം തുടങ്ങിയവയും ഉണ്ടായേക്കാം.

പനി, ഓക്കാനം, ചർദ്ദി എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണപ്പെടാറുണ്ട്.

ഷിഗല്ല രോഗബാധിതർ ഒരാഴ്ചവരെ രോഗലക്ഷണങ്ങൾ കാണിക്കാറുണ്ട്. അതിൽ കൂടുതൽ ദിവസം രോഗലക്ഷണങ്ങൾ കാണിക്കുന്നവരും ഉണ്ട്. അങ്ങനെയുള്ളവരുടെ മലത്തിൽ നിന്നും രോഗവ്യാപനം തുടരുന്നതാണ്.

വൈദ്യസഹായം എപ്പോൾ തേടണം:

ഷിഗല്ല രോഗത്തിന്റെ പ്രധാന ലക്ഷണമായ രക്തമോ കഫമോ കലർന്ന മലം കണ്ടാൽ ഉടൻതന്നെ ഡോക്ടറെ കാണേണ്ടതാണ്.

ഈ രോഗത്തിന് തുടക്കത്തിൽ തന്നെ ചികിത്സ ലഭിച്ചാൽ അപകടം വരുന്നതിൽ നിന്നും തടയാൻകഴിയും.

കൃത്യസമയത്ത് ഫലപ്രദമായ ചികിത്സ ലഭിച്ചില്ലെങ്കിൽ തലച്ചോറിനെയും വൃക്കയെയും ബാധിച്ച് മരണത്തിന് കീഴടങ്ങേണ്ടി വരും.

ഉയർന്ന പനിയും വയറിളക്കവും ഉണ്ടെങ്കിലും ഉടൻതന്നെ ചികിത്സ നേടുക.

തുടക്കത്തിൽ ഡോക്ടർമാർ സാധാരണയായി ആന്റിബയോട്ടിക്കുകൾ ആണ് ചികിത്സയ്ക്കായി നിർദേശിക്കുന്നത്

ഷിഗല്ല രോഗവ്യാപനത്തിന്റെ കാരണങ്ങൾ:

വെള്ളത്തിലൂടെയാണ് ഷിഗല്ല രോഗവ്യാപനമെന്ന പ്രാഥമിക റിപ്പോർട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം സമർപ്പിച്ചിട്ടുണ്ട്.

രോഗബാധിതർ കൈകാര്യം ചെയ്ത ഭക്ഷണം

കക്കൂസ് മാലിന്യം

ഷിഗല്ല ബാക്ടീരിയ അടങ്ങിയിട്ടുള്ള ജലാശയങ്ങൾ

ശിശു പരിപാലന കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, നഴ്‌സിംഗ് ഹോമുകള്‍, ജയിലുകള്‍, സൈനിക ക്യാമ്പുകള്‍ എന്നിവിടങ്ങളെല്ലാം ഏറെ ശ്രദ്ധിക്കേണ്ട ഇടങ്ങളാണ്.

ശുചിത്വമില്ലാത്ത സ്ഥലങ്ങളിൽ താമസിക്കുകയോ അത്തരം സ്ഥലങ്ങളിലൂടെയുള്ള യാത്രകളും രോഗത്തിന് കാരണമാകാം.

എങ്ങനെ പ്രതിരോധിക്കാം?

ഷിഗല്ല രോഗവ്യാപനത്തിന്റെ മുൻകരുതലുകളിൽ ഏറ്റവും പ്രാധാന്യം ശുചിത്വമാണ്.

ഇടയ്ക്കിടെ കുറഞ്ഞത് 20 സെക്കൻഡ് നേരമെങ്കിലും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.

മലിനമായ ഡയപ്പർ നീക്കം ചെയ്തതിനുശേഷം അവിടം അണുവിമുക്തമാക്കുക.

വയറിളക്കം ഉള്ളവർ മറ്റുള്ളവർക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യാതിരിക്കുക.

വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

ഈച്ചകൾ രോഗം പരത്താൻ ഇടയുള്ളതിനാൽ അതിനെ അകറ്റിനിർത്തുക.

ഒരാൾക്ക് രോഗം ബാധിച്ചു എന്ന് മനസിലായാൽ അയാളിൽ നിന്ന് അകലം സൂക്ഷിക്കുക.

രോഗബാധിതർ ജലാശയങ്ങളിലും മറ്റും നീന്താതിരിക്കാനും ശ്രദ്ധിക്കണം.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.