മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി വിട പറഞ്ഞു

Skumari
News

മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി വിട പറഞ്ഞു

തിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാള കവിമനസ്സിന്റെ മാതാവ് പ്രിയ കവയിത്രി സുഗതകുമാരി ഇനി ഓർമ. കോവിഡ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണത്തിലിരിക്കെയായിരുന്നു പ്രിയ സുഗതകുമാരി ടീച്ചറിന്റെ അന്ത്യം. 86 വയസ്സായിരുന്നു. കേരളസാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, പദ്മശ്രീ, എഴുത്തച്ഛൻ പുരസ്കാരം, സരസ്വതി സമ്മാൻ, ബാലസാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം തുടങ്ങി അനേകം പുരസ്കാരങ്ങൾ നല്കി സാഹിത്യസാംസ്കാരികലോകം പ്രിയ ടീച്ചറിനെ ആദരിച്ചിട്ടുണ്ട്.

കേരളത്തിൽ പ്രകൃതി സംരക്ഷണ സമിതി രൂപീകരിച്ചപ്പോൾ അതിന്റെ സ്ഥാപക സെക്രട്ടറിയായി ടീച്ചർ പ്രവർത്തിച്ചു, അതിനോടൊപ്പം സമൂഹം ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘അഭയ’ എന്ന സ്ഥാപനം ആരംഭിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാൾ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു. പിതാവിന്റെ കവിത്വവും സാമൂഹ്യപ്രവർത്തനങ്ങളും ദേശസ്നേഹവും സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു.

ആറന്മുളയിലെ വഴുവേലി തറവാട്ടിൽ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവർത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. തത്വശാസ്ത്രത്തിൽ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദമെടുത്തശേഷം ധർമാർഥ കാമമോക്ഷങ്ങളിലെ മോക്ഷം എന്ന സങ്കല്പത്തെക്കുറിച്ച് മൂന്ന് വർഷം തത്വശാസ്ത്രഗവേഷണപഠനം നടത്തിയെങ്കിലും പൂർത്തിയാക്കാതെ ഉപേക്ഷിച്ചു.

വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനും നിരൂപകനുമായിരുന്ന പരേതനായ ഡോ. കെ വേലായുധൻ നായരായിരുന്നു ഭർത്താവ്. ലക്ഷ്മി ഏകമകളാണ്

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.