ചാന്ദ്ര യാത്രയ്ക്കുള്ള പട്ടികയിൽ ഇന്ത്യൻ വംശജനായ രാജ ചാരിയും

ചാന്ദ്ര യാത്രയ്ക്കുള്ള പട്ടികയിൽ ഇന്ത്യൻ വംശജനായ രാജ ചാരിയും
അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ അടുത്ത ചാന്ദ്ര യാത്രയ്ക്കുള്ളവരുടെ പട്ടികയിൽ ഇന്ത്യൻ വംശജനായ രാജ ചാരിയും ഇടംപിടിച്ചു. ആർടെമിസ് ടീം രൂപീകരിക്കുന്നതിനും അടുത്ത ചാന്ദ്ര ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്നതിനുമായി രാജാ ചാരി ഉൾപ്പെടെ 18 ബഹിരാകാശയാത്രികരുടെ പ്രാരംഭ ടീമിനെയാണ് നാസ തിരഞ്ഞെടുത്തത്. 2024 ൽ ആദ്യത്തെ സ്ത്രീയെയും അടുത്ത പുരുഷനെയും ചാന്ദ്ര ഉപരിതലത്തിൽ ലാൻഡ് ചെയ്യിപ്പിക്കുമെന്നാണ് യുഎസ് പ്രഖ്യാപനം. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നടന്ന എട്ടാമത് ദേശീയ ബഹിരാകാശ കൗൺസിൽ യോഗത്തിലാണ് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ബുധനാഴ്ച ആർടെമിസ് ടീമിലെ അംഗങ്ങളെ പരിചയപ്പെടുത്തിയത്. ‘ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും കൊണ്ടുപോകുന്ന നായകന്മാരെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു- ആർടെമിസ് ജനറേഷൻ,’ എന്നാണ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞത്.
2017 ലാണ് ഇന്ത്യൻ വംശജനായ രാജ ചാരി ബഹിരാകാശ സേനയിൽ ചേർന്നത്. യുഎസ് വ്യോമസേനയിലെ കേണലായ അദ്ദേഹം അയോവയിലെ സെദാർ ഫോൾസിലാണ് വളർന്നത്. ജ്യോതിശാസ്ത്ര എൻജിനീയറിങ്ങിൽ ബിരുദവും എയറോനോട്ടിക്സ്, ജ്യോതിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.
നാസയിൽ എത്തുന്നതിന് മുൻപ് എഫ്-15 ഇ നിർമാണത്തിലും പിന്നീട് എഫ് -35 വികസന പദ്ധതികളുടെയും ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് ശ്രീനിവാസ് വി. ചാരി ഹൈദരാബാദിൽ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ്.