തോന്നയ്ക്കൽ പുരസ്ക്കാരം ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി. വി മാത്യു ഏറ്റുവാങ്ങി

CVM-1
News

തോന്നയ്ക്കൽ പുരസ്ക്കാരം ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി. വി മാത്യു ഏറ്റുവാങ്ങി

ദുബായ് : എന്റെ ജനമായ യിസ്രയേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും എന്നു കർത്താവ് ആമോസിനു നൽകിയ ആഹ്വാനം ക്രൈസ്തവ എഴുത്തുകാരോടു ഇന്നു ആവർത്തിക്കുക ആണെന്ന് പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ഡോ.പോൾ മണലിൽ പ്രസ്താവിച്ചു.

ഡിസംബർ 2നു ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ വാർഷിക യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം.

ആമോസ് എന്ന പേരിന്റെ അർഥം ഭാരം വഹിക്കുന്നവൻ എന്നാണ്. ക്രിസ്തീയ എഴുത്തുകാരനും അതിനു സമാനമാണ്. ജീവിത ഭാരം മാത്രമല്ല സമൂഹത്തെക്കുറിച്ചുള്ള ഭാരവും ഉണ്ട്. ആമോസിനു ലഭിച്ചത് തൂക്കുകട്ടയുടെ ദർശനമാണ്. ഇന്ന് കെട്ടിട നിർമാണത്തിൽ തൂക്കുകട്ടക്കു സ്ഥാനം ഇല്ലാത്തതുപോലെ നമ്മുടെ ജീവിതത്തിലും അവ ഉപയോഗിക്കുന്നില്ല. നീതിബോധം , സത്യസന്ധത, മാനുഷികമൂല്യം എന്നിവ നഷ്ടപ്പെട്ടു. സമൂഹത്തെ പണിയുന്നതിനും പുനർനിർമ്മിക്കുന്നതിനും തൂലിക ഒരു തൂക്കുകട്ടയായി മാറണം.

ക്രൈസ്തവ എഴുത്തുകാരൻ പ്രവാചക തുല്യനാണ്. അനീതിക്കെതിരെ ശബ്‌ദമുയർത്താൻ കഴിയണം. എത്രയോ നാബോത്തുമാരെ നമ്മുടെ സമൂഹം കല്ലെറിഞ്ഞു കൊല്ലുന്നു. വേദപുസ്തകം വായിക്കുക മാത്രമല്ല അതിലെ താക്കോൽ വാക്കുകൾ പുതുതലമുറക്ക് വ്യാഖ്യാനിച്ചു കൊടുക്കണം. നാം കേട്ടു തഴമ്പിച്ച സ്നേഹം, കാരുണ്യം, ത്യാഗം, ക്ഷമ തുടങ്ങിയ പദങ്ങളുടെ ആഴങ്ങൾ വായനക്കാരിൽ എത്തിക്കണം. എഴുത്തുകാരനു ഒരു താക്കോൽ ദൈവം നൽകിയിട്ടുണ്ട്. അതുപയോഗിച്ചു സമൂഹത്തെ ദേവാലയമാക്കി മാറ്റണം. അന്യായം കണ്ടു ഒളിച്ചോടുന്ന മാനസിക അവസ്ഥയിൽനിന്നും ക്രൈസ്തവ എഴുത്തുകാർ ഉണരണം.

പ്രതിഭാധനനായ ഒരു എഴുത്തുകാരനെ തോമസ് തോന്നയ്ക്കലിന്റെ വിയോഗത്തിലൂടെ നമുക്കു നഷ്ടമായി. ക്രൈസ്തവ പത്ര പ്രവർത്തനത്തിൽ ഒരു ഉഷകാലമായ സി വി മാത്യു ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു മാർഗദർശിയാണ്. കഴിഞ്ഞ മുപ്പതു വർഷമായി ഗുഡ്‌ന്യൂസ് വാരികയുടെ സ്ഥിരം വായനക്കാരനായ തനിക്കു സി വി യുടെ രചനാ ശൈലി ഏറെ ഇഷ്ടപ്പെടുന്നു എന്നു ഡോ. പോൾ മണലിൽ ഓർമിപ്പിച്ചു.

മരുപ്പച്ച പത്രാധിപർ പാസ്റ്റർ അച്ചൻകുഞ്ഞു ഇലന്തൂർ അധ്യക്ഷത വഹിച്ച യോഗം ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ സി ജോൺ ഉദ്‌ഘാടനം ചെയ്തു. സാഹിത്യ , പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള തോന്നയ്ക്കൽ പുരസ്ക്കാരം ഗുഡ്‌ന്യൂസ് പത്രാധിപർ സി വി മാത്യുവിന് ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫ് സമ്മാനിച്ചു. സ്റ്റാൻലി ജോർജ് ,പാസ്റ്റർ രാജൻ ഏബ്രഹാം, പാസ്റ്റർ അലക്സ് ഏബ്രഹാം, സജി മത്തായി കാതേട്ട്, ടോണി ഡി ചെവൂക്കാരൻ, ജോർജ് മത്തായി സിപിഎ , പാസ്റ്റർമാരായ റോയി വാകത്താനം, ഡിലു ജോൺ, സൈമൺ ചാക്കോ, സിസ്റ്റർ മേഴ്‌സി വിൽ‌സൺ, ലത തോമസ് തോന്നയ്ക്കൽ എന്നിവർ പ്രസംഗിച്ചു

ഷിബു മുള്ളംകാട്ടിൽ യോഗ നടപടികൾ നിയന്ത്രിച്ചു. റിയ മേരി ബിനോ, എബി ഏബ്രഹാം എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഷിബു കണ്ടത്തിൽ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. പിസി ഗ്ലെന്നി സ്വാഗതവും, ആന്റോ അലക്സ് നന്ദിയും പറഞ്ഞു. പാസ്റ്റർമാരായ സാമുവേൽ എം തോമസ്, കെ.വൈ തോമസ് എന്നിവർ പ്രാർത്ഥന നയിച്ചു. വിനോദ് ഏബ്രഹാം, കൊച്ചുമോൻ ആന്താരിയത്ത്‌, പാസ്റ്റർ ജോൺ വർഗീസ്, ഡോ.റോയി ബി കുരുവിള, ലാൽ മാത്യു, മജോൺ കുരിയൻ, നിവിൻ മങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.