പാടാം നമുക്ക് പാടാം…. പുതിയ ഗീതങ്ങൾ

Public

പാടാം നമുക്ക് പാടാം…. പുതിയ ഗീതങ്ങൾ

പാടാം നമുക്ക് പാടാം…. പുതിയ ഗീതങ്ങൾ
സാം തോമസ്

സുഖ ദുഃഖ സമ്മിശ്രമായ ഒരു സംവത്സരം കൂടി ചരിത്രത്തിന്റെ താളുകളിലേക്കു മാറ്റപ്പെട്ടു .ഒരു പുതിയ വർഷത്തിന്റെ വാതായനങ്ങൾ തുറക്കപ്പെട്ടു . പോയ വർഷത്തിന്റെ പ്രാരംഭ ദിനങ്ങളിൽ ഉത്സാഹത്തോടെ പ്രവർത്തികളിൽ ഏർപ്പെട്ട പലരും ഓർമ്മകളിൽ മാത്രമായി അവശേഷിച്ചു . വർഷാരംഭത്തിൽ എടുത്ത നിറവേറ്റപ്പെടാത്ത തീരുമാനങ്ങളോർത്തു വൃഥാ പരിതപിക്കുകയും പോയ നാളുകളിലെ നഷ്ടങ്ങൾ ഒരിക്കൽ കൂടി കണക്കു കൂട്ടുകയും ചെയ്യുന്നു ശേഷിച്ചവർ . ഏറ്റവുമൊടുവിൽ തീരുമാനങ്ങളുടെ പുതിയ പട്ടികയുമായി പുതുവര്ഷത്തിലേക്കു പ്രവേശിക്കുന്നു. ആവർത്തന വിരസമായ ഈ തുടക്കങ്ങൾക്കും ഒടുക്കങ്ങൾക്കും ഒരു മാറ്റം വേണ്ടേ ? ചെയ്യേണ്ടത് പലതും ചെയ്യാതെയും ചെയ്യേണ്ടാത്തത്‌ ചെയ്തും കുറെ വിലപ്പെട്ട സമയം നാം നഷ്ടമാക്കിയില്ലേ ? 
ഇതിൽ എത്ര സമയം നാം ദൈവത്തോടൊപ്പം ചിലവഴിച്ചു . കത്തൃ സന്നിധിയിൽ ചിലവഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തേക്കാൾ ഉത്തമമെന്നു തിരുവചനം പറയുന്നുണ്ടെങ്കിലും നമുക്കതിനു കഴിഞ്ഞിട്ടുണ്ടോ ? ദൈവത്തോടും മനുഷ്യരോടും കുറ്റമറ്റ മനഃസാക്ഷിയോടെ കഴിഞ്ഞവർക്ക് വര്ഷാവസാനത്തിൽ സംതൃപ്തിയുണ്ട് . പുതിയ വർഷവും അവർക്ക് അങ്ങനെ തന്നെയായിരിക്കും. 
കഴിഞ്ഞ നാളുകളിൽ ലോക സംഭവങ്ങളിൽ ചിലത് നമ്മെ ഞെട്ടിക്കുകയും ചിലതു നമ്മെ ചിന്തിപ്പിക്കുകയും ചെയ്തു . ലോകത്തെ സംബന്ധിച്ചു പ്രത്യേകിച്ച് ഭാരതത്തിനു ഇലക്ട്രോണിക് , കമ്പ്യൂട്ടർ ബഹിരാകാശ സംസ്കാരം, ബയോ ടെക്നോളജി, ഹൈടെക് കമ്മ്യൂണിക്കേഷൻസ് ഇവയിലൊക്കെ ഉയർച്ചകൾ എടുത്തു കാട്ടുവാനുണ്ട് .പക്ഷെ ആത്മീക സാമൂഹ്യ അധഃപതനവും അതിനിടയിൽ മുഴച്ചു കാണാം . അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങു തകർക്കുന്നു . മതഭ്രാന്ത് മനുഷ്യരെ അന്ധരാക്കുന്നു. സദാചാര ലംഘനം ഒരു തുടർക്കഥയായി തുടരുന്നു. പണ്ഡിതനും പാമരനും മന്ത്രിയും തന്ത്രിയുമെല്ലാം വീണവരിൽ പെടും .മനസ്സും മനസ്സിലിരുപ്പും മാറിയെങ്കിൽ മാത്രമേ സമൂഹം നന്നാകുകയുള്ളു . സൃഷ്ടിതാവിനെ മറന്നുള്ള സൃഷ്ടിയുടെ പ്രയാണം നാശത്തിൽ കലാശിക്കും .
വർഷത്തിന്റെ ആരംഭം മുതൽ പരിപാലിക്കുന്നത് ദൈവമാണ് . അത് ഓർത്തു സൃഷ്ടിതാവായ ദൈവത്തെ മഹത്വപ്പെടുത്തേണ്ടത് ജീവനുള്ള എല്ലാത്തിന്റെയും കടമയാണ് .നേട്ടങ്ങൾ പലതും മറന്ന് അല്ലെങ്കിൽ മറച്ചു നഷ്ടങ്ങളെ മാത്രം ഉയർത്തിക്കാട്ടുന്ന ചിലരുണ്ട് . ലഭിക്കുന്ന നന്മകൾ അവർ ഓർക്കുകയില്ല .നഷ്ടമായതിനെ ഓർത്തു വിലപിക്കും . കഴിഞ്ഞ ദിനങ്ങളിൽ വന്നു ഭവിക്കാമായിരുന്ന സകല അനര്ഥങ്ങളിൽ നിന്നും വീടുവിച്ച ദൈവത്തിന്റെ മഹാകരുണ എത്ര വലിയത് എന്നോർക്കുന്ന ഒരു വ്യക്തിക്ക് സങ്കീർത്തനക്കാരനോട് ചേർന്ന് ഇങ്ങനെ പാടുവാൻ കഴിയും, “യിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ 2 മനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, 3 അവരുടെ കോപം നമ്മുടെ നേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
4 വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു; 5 പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു. 6 നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ. 7 വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു. 8 നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.” (സങ്കീർത്തനം 124)
ഏതെല്ലാം സാഹചര്യത്തിൽ നാം ആയിരുന്നു . എത്രമാത്രം അപകടങ്ങൾ നാം കൺമുമ്പിൽ കണ്ടു . എത്രയോ പേരുടെ മരണത്തിനു നാം സാക്ഷികളായി . എത്രയോ രോഗികളുടെ ദാരുണാവസ്ഥ നാം മനസിലാക്കി . ഇവയൊക്കെ നമ്മുടെ ജീവിതത്തിലും സംഭവിക്കാമായിരുന്നു . എങ്കിലും ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവ നമുക്ക് സഹായം ആയിരുന്നതിനാൽ ഒരു പുതുവർഷത്തിന്റെ ആരംഭം കൂടി നാം കണ്ടു . ഇതിനു പകരമായി പഴകി ശുഷ്കിച്ച ഒരു ഈരടിയല്ല സർവ്വശക്തൻ നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നത് . അവൻ ചെയ്ത സകല ഉപകാരങ്ങളും ഓർത്തു ഹൃദയാന്തര്ഭാഗങ്ങളിൽ നിന്നും ഉയരുന്ന നന്ദി നിറഞ്ഞ സ്തുതിഗീതങ്ങൾ പുതിയ പാട്ടുകളായി നമ്മിൽ നിന്നും ഒഴുകട്ടെ . യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു പാടുവിൻ. 2 യഹോവെക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ. (സങ്കീർത്തനം 96:1,2)
സർവ്വശക്തനായ ദൈവത്തിന്റെ മഹാകരുണ ഓർക്കുന്ന ഒരാളുടെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നും അറിയാതെ തന്നെ പുതിയ പാട്ടുകൾ ഉയരും അങ്ങനെ നാം ഓർത്തു നോക്കിയാൽ ദിവസം തോറും എണ്ണിയാൽ തീരാത്ത അത്ര പാട്ടുകൾ നാം രചിക്കേണ്ടതല്ലേ.
(സ്നേഹദീപം ജനുവരി 2020 എഡിറ്റോറിയൽ )