ജ്യേഷ്ഠാവകാശം

Public

ജ്യേഷ്ഠാവകാശം

നമ്മള്‍ പാല്‍ പായസമെന്ന് പേര്‍ വിളിക്കുന്ന ‘ലെന്റില്‍ സൂപ്പ്’ മദ്ധ്യപൂര്‍വ്വപ്രദേശങ്ങളില്‍ ഇന്നും കൊതിയാര്‍ന്ന വിഭവമാണ്. ഈജിപ്ത്, സിറിയ, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളില്‍ ചൂടോടുകൂടി ഭക്ഷണമേശ അലങ്കരിക്കുന്ന സാധു ഭോജ്യം പഴമയുള്ള വീടുകളില്‍ ഇന്നും വളരെ പ്രധാനമാണ്. വ്യത്യസ്ത ഓഫറുകളാകുന്ന പാല്‍പ്പായസം വെച്ചുനീട്ടി വോട്ടു മറിച്ച് അധികാരം കൈപ്പിടിയിലൊതുക്കിയ ഇന്നത്തെ യാക്കോബുമാരുടെ ശ്രദ്ധയ്ക്ക് ഒരു ദിവസം നിങ്ങള്‍ പിടിക്കപ്പെടുമെന്ന് മറക്കരുത്. ഇവരുടെ വേദിയിലെ അന്യഭാഷയും പ്രസംഗങ്ങളും സദുപദേശങ്ങളും കേട്ടാല്‍ ആരും അമ്പരന്നു പോകും. എല്ലാം കേവലം ഇന്ദ്രജാല പ്രകടനങ്ങള്‍.
ജോണ്‍ ഏല്‍സദ്ദായി സാറിന്റെ ഭാഷയില്‍ ”പാലും തേനുമൊഴുകുന്ന കനാന്‍ നാട്ടിലെ മുന്തിരിക്കുലകള്‍ പഴുത്തുതൂങ്ങുന്ന ഹെബ്രോനിലായിരുന്നു ഈ സംഭവമെന്നത് ചിന്തനീയമാണ്. വിശക്കുന്നവന്റെ വിശപ്പടക്കാന്‍ പ്രകൃതി അവിടെ സംവിധാനമൊരുക്കിയിട്ടുണ്ട്. ആപ്പിള്‍, അത്തിപ്പഴം, മുന്തിരിങ്ങ, മാതളനാരകം, ബദാം, ബോഡനണ്ടി, ഒലിവ് പഴം എന്നിവയാല്‍ സമൃദ്ധമായ അബ്രഹാമിന്റെ നാട്ടില്‍ ഞാന്‍ വിശന്നുമരിക്കേണ്ടിവരുമെന്നു പറയുന്ന ഏശാവിന്റെ പ്രസ്ഥാവന അസ്ഥാനത്താണ്. ക്ഷണികസുഖങ്ങള്‍ക്കുവേണ്ടി നാം പലതും പെട്ടെന്ന് രുചിക്കുന്നു. പാല്‍പ്പായസപാത്രങ്ങള്‍ കൈയില്‍ കിട്ടുവാന്‍ എത്ര അവകാശങ്ങള്‍ നാം നഷ്ടമാക്കി. ജീവിതത്തിലെ പ്രത്യേക ഘട്ടങ്ങളില്‍ പ്രമാണങ്ങളെ മറികടന്ന് ഉദ്ദിഷ്ടകാര്യസാദ്ധ്യങ്ങള്‍ക്കായി ഈ ലോകം വെച്ചുനീട്ടിയ പാനപാത്രങ്ങളില്‍ രസപാനം നടത്തിയവരാണ് പലരും.”

വോട്ടിന് വേണ്ടി നല്‍കുന്ന പണം വാങ്ങിയില്ലെങ്കിലും ദൈവം ഒരു കുറവും വരുത്തുകയില്ല എന്നത് സത്യമായിരിക്കവേ കേവലം ഈ വോട്ടവകാശം എന്തിന് എന്ന ചിന്തയില്‍ പണത്തിന് മറിക്കുന്ന അഭക്തന്മാര്‍ ഇവിടെ പെരുകിവരുന്നു. വിലയുള്ളത് വിറ്റുകളയുന്ന ഏശാവുമാര്‍ കേവലം ഒരു കിലോ മത്സ്യത്തിന്റെ പണത്തിന് തന്റെ സമ്മതിദാനാവകാശം നല്‍കുമ്പോള്‍ ജനാധിപത്യം വില്പനച്ചരക്കാകുന്നു. ഇവിടെ അവനവന്റെ വ്യക്തിത്വം നഷ്ടപ്പെടുകയാണ്. കഥയും കഴമ്പുമില്ലാത്തവര്‍ പണം കൊണ്ട് കസേരയില്‍ വരുന്നു. അധികാരത്തിന്റെ ലേബലില്‍ പ്രഭാഷണവേദികള്‍ കീഴടക്കുന്നു. ഈ സമയത്തല്ലാതെ പിന്നെ എപ്പോഴാണ് ദൈവദാസന്മാര്‍ക്ക് എന്തെങ്കിലും കൊടുക്കുന്നതെന്ന് സ്ഥാനാര്‍ത്ഥികള്‍ പറയുന്നു. ഈ വകുപ്പില്‍ എന്തെങ്കിലും തന്നാല്‍ ഉപേക്ഷിക്കേണ്ടാ അല്ലെങ്കില്‍ ഇവരാരും ഒന്നും ചെയ്യുകയില്ല എന്ന് ആധുനിക ഏശാവുമാരും പറയുന്നു.

ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ അഭക്തനായ ഏശാവ് എന്നാണ് തിരുവെഴുത്തില്‍ കാണുന്നത്. എല്ലാ പാനലുകാരോടും പണം വാങ്ങി ഇഷ്ടമുള്ളവര്‍ക്ക് വോട്ടു നല്കുന്ന വീരന്മാരും ഇവിടെയുണ്ട്. വോട്ടിനുവേണ്ടി ക്യാന്‍വാസ് ചെയ്യുന്നത് നിയമപരമായി തെറ്റാണെന്ന് എല്ലാവര്‍ക്കുമറിയാം. സെക്കുലര്‍ രാഷ്ട്രീയത്തില്‍പോലുമില്ലാത്ത അധഃപതിച്ച രീതികള്‍ ആത്മീയര്‍ക്ക് ചേര്‍ന്നതല്ല. ശരിയായ ആത്മീയനെ പണംകൊടുത്ത് മറിക്കാന്‍ കഴിയില്ല. നിങ്ങള്‍ എന്റെ ആലയത്തെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റിയെന്ന് കര്‍ത്താവ് പറഞ്ഞത് എത്രയോ വാസ്തവമാണ്. ഇന്നത്തെ ജീര്‍ണ്ണതയ്‌ക്കെതിരെ ഒരു പുതിയ തലമുറ എഴുന്നേല്ക്കണം. തട്ടിപ്പിലൂടെയും സുവിശേഷവേലയുടെ പേരിലും ലഭിച്ച പണം കസേര പിടിക്കാന്‍ ഉപയോഗിക്കുകയാണ്. ദൈവം എന്നെ ഈ സ്ഥാനത്ത് കൊണ്ടുവന്നു എന്ന് ഈ കൂട്ടര്‍ വീമ്പടിക്കുമ്പോള്‍ ദൈവത്തിന് ഇതിലൊന്നും യാതൊരു പങ്കുമില്ല എന്നതാണ് വാസ്തവം. തന്ത്രങ്ങളിലൂടെ പലതും തട്ടിക്കൂട്ടിയിട്ട് ദൈവത്താലാണെന്ന് പ്രഖ്യാപിക്കുന്ന ഭക്തിയുടെ വേഷധാരികള്‍ സൈ്വര്യവിഹാരം നടത്തുന്നു. ശരിയായ ജനാധിപത്യവ്യവസ്ഥിതിയുടെ ശവപ്പെട്ടിക്ക് അവസാനത്തെ ആണിയും ആഞ്ഞടിക്കുന്നതിന്റെ മുഴക്കം കാതുകളില്‍ അലയടിക്കുന്നു. ധാര്‍മ്മികത ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആത്മീയ ഗോളത്തിലെ അഴിഞ്ഞാട്ടം കണ്ടിട്ട് പുതിയതലമുറ അന്തംവിട്ടു നില്ക്കുന്നു. കൈയിലിരിക്കുന്ന പ്രമാണവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രഹസനങ്ങള്‍ അരങ്ങേറുമ്പോള്‍ പരമാര്‍ത്ഥതയോടെ നില്ക്കുന്നവരുടെ നെഞ്ച് തകരുന്നു. അഗ്നിജ്വാലയ്‌ക്കൊത്ത കണ്ണുള്ളവന്റെ മുമ്പില്‍ ഉള്ളത് തുറന്ന് സമ്മതിക്കാന്‍ തയ്യാറാണെങ്കില്‍ ഇനിയും മടങ്ങിവരുവാന്‍ സമയമുണ്ട്. ദൈവം തരുന്ന അധികാരങ്ങള്‍ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുവാനും ഇവിടെ രാജാക്കന്മാരായി വിലസുവാനുമല്ല. പണം നല്‍കാതെ ജനാധിപത്യവ്യവസ്ഥയില്‍ പൊതുജനം തിരഞ്ഞെടുക്കുവാന്‍ ക്ഷമയോടെ കാത്തിരിക്കുന്നതാണ് അഭികാമ്യം. നാം സകലത്തിനും കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്ന് മറക്കരുത്.

സങ്കീ. 2:10-11 വരെ പി.ഒ.സി. പരിഭാഷ നോക്കുക. ”രാജാക്കന്മാരേ വിവേകമുള്ളവരായിരിക്കുവിന്‍. ഭൂമിയുടെ അധിപന്മാരെ സൂക്ഷിച്ചുകൊള്‍വിന്‍. ഭയത്തോടെ കര്‍ത്താവിന് ശുശ്രൂഷ ചെയ്യുവിന്‍, വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍.” ഈ വാക്യം നമ്മുടെ ഹൃദയത്തില്‍ ചാട്ടുളിപോലെ തറയ്ക്കണം.

സാധാരണ പരിഭാഷയില്‍ ”വിറയലോടെ ഘോഷിച്ചുല്ലസിപ്പിന്‍ എന്നാണ്. അതിന്റെ പേരില്‍ കയ്യടിച്ച് ബഹളമുണ്ടാക്കുകയാണ്. ഭയത്തോടെ ശുശ്രൂഷ ചെയ്യുവാനും വിറയലോടെ അവിടത്തെ പാദം ചുംബിക്കുവാനും നമുക്ക് ഇടയാകട്ടെ. ആത്മീയരെ തിരഞ്ഞെടുക്കുവാനുള്ള വോട്ടവകാശം ഗാന്ധിതലയ്ക്ക് വില്കാതെ ശരിയായ നിലയില്‍ പ്രയോജനപ്പെടുത്തി മൂല്യമുള്ളവരാകുക.