B8CFDA77-8EB2-4E7B-9F8F-B1AE5B34F263

ചൈനയിൽ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിനെതിരെ നടപടി

News

ചൈനയിൽ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിനെതിരെ നടപടി

ബെയ്ജിംഗ്: ചൈനയിലെ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നടപടി കൂടുതല്‍ ശക്തമാകുന്നു. പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് തടയുന്ന നിയമം ഇപ്പോള്‍ കൂടുതല്‍ കര്‍ക്കശമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് മിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് വരുന്ന യുവതലമുറയെ തടയുക എന്നതാണ് ഈ നിയമത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന് വിലയിരുത്തുന്നു. യുവജനങ്ങള്‍ യേശുവിനോടു അടുക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ ദേവാലയത്തില്‍ അയക്കുവാനും, ബൈബിൾ ക്ലാസ്സുകള്‍ നടത്തുവാനും സാധിച്ചിരുന്നു.

ഞായറാഴ്ച തോറുമുള്ള ബൈബിൾ ക്ലാസുകള്‍ വഴിയായിരുന്നു കുട്ടികള്‍ ബൈബിള്‍ വാക്യങ്ങളും, ക്രിസ്ത്യന്‍ ഗാനങ്ങളും പഠിച്ചിരുന്നതെന്നും മിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസിന്റെ എറിക് ബുര്‍ക്ലിന്‍ വിവരിച്ചു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ആകെ മാറിക്കഴിഞ്ഞുവെന്നാണ് ബുര്‍ക്ലിന്‍ പറയുന്നത്. ക്രിസ്ത്യന്‍ യൂത്ത് മിനിസ്ട്രികളുടെ പ്രവര്‍ത്തനങ്ങളെ വളരെ കര്‍ക്കശമായാണ് സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മതബോധന ക്ലാസ്സുകള്‍ നടത്തുവാന്‍ പാടില്ലെന്ന റിലീജിയസ് അഫയേഴ്സ് ബ്യൂറോയുടെ ഉത്തരവ് പല ദേവാലയങ്ങളും കൈപ്പറ്റിക്കഴിഞ്ഞു. ചില ദേവാലയങ്ങളുടെ പ്രവേശനകവാടത്തില്‍ ഈ ഉത്തരവ് പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ മതങ്ങളെ കമ്മ്യൂണിസ്റ്റുവത്കരിച്ച് ഭരണകൂട അനുയായികളാക്കി മാറ്റുകയും, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനോടുള്ള ജനങ്ങളുടെ ഭക്തി വര്‍ദ്ധിപ്പിക്കുകയുമാണ്‌ ഇത്തരം നടപടികള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തപ്പെടുന്നു. 
പാര്‍ട്ടിയുടെ അടിസ്ഥാന നയങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് മതങ്ങളെ കമ്മ്യൂണിസ്റ്റുവത്കരിക്കണമെന്ന്‍ സ്റ്റേറ്റ് കൗണ്‍സില്‍ തലവനായ ലി കെക്യാങ്ങ് കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഭരണകൂടത്തിന്റെ ലക്ഷ്യം വ്യക്തമായതായി സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സർക്കാർ അംഗീകാരമില്ലാത്ത അധോ സഭയാണ് ഭരണകൂട ഒത്താശയോടെയുള്ള മതപീഡനത്തിന്റെ പ്രധാന ഇരകള്‍. നിരവധി വൈദികരും സുവിശേഷ പ്രഘോഷകരും വിശ്വാസത്തിന്റെ പേരില്‍ ഇപ്പോള്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ചൈനയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ അത്ഭുതാവഹമായ വളര്‍ച്ച കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നുണ്ടെന്നാണ് ഇത്തരം നിയമങ്ങളും നടപടികളും വ്യക്തമാക്കുന്നത്. 2030-നോട് കൂടെ ലോകത്ത് ഏറ്റവുമധികം ക്രൈസ്തവരുള്ള രാജ്യമായി ചൈന മാറുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.